ഏഴാറ്റുമുഖം, കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്ന്, ചാലക്കുടി പുഴയുടെ തീരത്തെ പ്രകൃതി ഗ്രാമം. പ്രകൃതി ഭംഗി കൊണ്ടും ചാലക്കുടി പുഴയുടെ സൗന്ദര്യം കൊണ്ടും അനുഗ്രഹീതമാണ് ഈ സ്ഥലം. ചാലക്കുടിക്കടുത്ത്, എറണാകുളം ത്യശ്ശൂർ എന്നീ ജില്ലകളുടെ അതിർത്തി പങ്കിട്ടുകൊണ്ടാണ് ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സ്ഥിതി ചെയ്യുന്നത്.
എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. അങ്കമാലിയിൽ നിന്നും മൂക്കന്നൂർ വഴിയും എൻ എച് 47ൽ അങ്കമാലി ചാലക്കുടി റൂട്ടിൽ നിന്നും മുരിങ്ങൂരിൽ നിന്നും മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിലൂടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലാണ് പ്രകൃതിഗ്രാമം.
വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്. ചാലക്കുടി ആറിന് കുറുകെ ഏഴാറ്റുമുഖത്തെയും തുംബുർമുഴിയെയും ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇവിടുത്തെ പ്രധാന ആകർഷണം . ആറിന്റെ ഇരു കരകളിലും കോൺക്രീറ്റ് പില്ലറുകളും ബീമുകളും വാർത്ത് അതിൽ നിന്നും ഇരുമ്പ് കയറുകൾ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിനു ഏകദേശം 250 മീറ്റർ നീളമുണ്ട്. പാലം കടന്നു അക്കരെ ചെന്നാൽ തുമ്പൂർമുഴി പൂന്തോട്ടവും കണ്ട് ആസ്വദിക്കാവുന്നതാണ്.
പാലത്തിനു മുകളിൽ നിന്നുള്ള ചാലക്കുടി പുഴയുടെ കാഴ്ച അതി മനോഹരമാണ്. പാറകളിൽ തട്ടിത്തെറിച്ച് കുതിച്ചൊഴുകുന്ന പുഴ ഏവരെയും ത്രസിപ്പിക്കുന്ന കാഴ്ചയാണ്. ഈ ഭാഗമെത്തുമ്പോൾ പുഴ, പാറയിടുക്കുകളിൽ തട്ടി ഏഴായിട്ട് തിരിഞ്ഞൊഴുകി വീണ്ടും ഒന്നിച്ച് ചേരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ഏഴാറ്റുമുഖം എന്ന പേര് വരാൻ കാരണം.
ഏറുമാടങ്ങളിലിരുന്നും പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. വർഷ കാലത്ത് വെള്ളം കുത്തിയൊഴുകുന്നതിനാൽ പുഴയിൽ ഇറങ്ങുന്നത് അസാധ്യമാണ്. അത്കൊണ്ട് തന്നെ മഴക്കാലങ്ങളിൽ സഞ്ചാരികൾ സാധാരണയിലും കുറവാണ്. വേനൽ കാലത്ത് ധാരാളം സഞ്ചാരികളാണ് ഇവിടെ കുളിക്കാനായിറങ്ങുന്നത്.പുഴ വെള്ളം പാറക്കെട്ടുകളിൽ തട്ടി ചെറിയ ചെറിയ വെള്ളക്കെട്ടുകളും ചാലുകളും രൂപപ്പെടുന്നതിനാൽ കുടുംബമായി എത്തുന്നവർക്കും ഇവിടെ ഇറങ്ങി കുളിക്കാൻ സൗകര്യം കിട്ടുന്നുണ്ട്.
തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം
കേരളത്തിൽ ഏറ്റവും വിസ്തൃതമായ കടപ്പുറങ്ങളിലൊന്നാണിത്.. മുനക്കലിലെ സായാഹ്നം ഒരിക്കൽ അനുഭവിച്ചവർ മറക്കില്ല.