ചിന്നാർ

 

ഇടുക്കി ജില്ലയുടെ മറയൂർ ടൗണിൽനിന്ന് 18 കിലോമീറ്റര് സഞ്ചരിച്ചാൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ എത്താൻ സാധിക്കും. ഈ പ്രദേശം പശ്ചിമ ഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഹരിത വൈവിധ്യത്തിന്റെ കലവറയാണ്. ചിന്നാർ, പാമ്പാർ എന്നീ നദികളുടെ തീരഭൂമിയിൽ ഇടതിങ്ങി നിൽക്കുന്ന ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ എന്നിവ ചിന്നാർ വന്യജീവി സങ്കേതത്തെ പ്രശാന്തവും സുന്ദരവുമാക്കുന്നു. ഈ വനങ്ങൾ വിവിധതരം വന്യജീവികളുടെ പ്രകൃതിദത്ത വാസസ്ഥലമാണ്.

ഈ വനങ്ങളിൽ 34 തരം സസ്തനികളും 52 തരം ഇഴജന്തുക്കളും 245 തരം പക്ഷികളും 156 വർണങ്ങളിലുള്ള ചിത്രശലഭങ്ങളും 965 സ്പീഷിസ് പുഷ്പിത സസ്യങ്ങളുമുണ്ട്. ഈ വനങ്ങളിലും അതിന്റെ ജലാശയങ്ങളായ ചിന്നാർ, പാമ്പാർ നദികളിലുമായി 42 തരം മത്സ്യങ്ങളെയും 22 ഉഭയ ജീവികളെയും കാണാവുന്നതാണ്. പുള്ളിമാൻ, കുട്ടിത്തേവാങ്ക്, കാട്ടാന, മുതല, കൈതപ്പുലി, പുള്ളിപ്പുലി, കാട്ടുപോത്ത്, ചടയൻ കുരങ്ങു്, നക്ഷത്ര ആമകൾ, വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാൻ എന്നിവയ്ക്ക് പുറമെ വിവിധ തരത്തിലും വര്ണത്തിലുമുള്ള പക്ഷികൾ, വണ്ടുകൾ, തേനീച്ചകൾ തുടങ്ങി അനേകം ചെറുജീവികളും മറ്റു ജീവജാലങ്ങളും ഔഷധ സസ്യങ്ങളും ഈ പ്രദേശത്തു ദർശിക്കാം.

കേരളത്തിൽ ഏറ്റവും കൂടുതൽ ചെളി മുതലകൾ ഉള്ളത് ചിന്നാറിലാണ്. കൂടാതെ മഞ്ഞംപട്ടി വെള്ള കാട്ടുപോത്ത് എന്നറിയപ്പെടുന്ന അപൂർവയിനം മൃഗവും ചിന്നാറിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്നാർ വന്യജീവി സങ്കേതം മൃഗങ്ങളെ കാണുന്നതിനെന്നപോലെ മലകയറ്റത്തിനും അനുയോജ്യമാണ്.നദീതീര ട്രെക്കിങ്ങ്, തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ്, ഗോത്രവർഗ ഊരുകളിലേക്കുള്ള ട്രെക്കിങ്ങ്, എന്നിവയ്ക്കും അനുയോജ്യമാണ്. വശ്യപ്പാറ ക്ലോക്ക് ടവറിന്റെ പരിസരത്തുള്ള പ്രകൃതി ദൃശ്യങ്ങൾ മറ്റൊരു ആകർഷണമാണ്. മറയൂർ ചന്ദനക്കാടുകളും പ്രാചീന ശിലായുഗ ശേഷിപ്പുകളായ മുനിയറകളും (dolmens) ഈ പ്രദേശത്തിന്റെ ആകർഷണങ്ങളാണ്.

ചിന്നാർ വന്യജീവി സങ്കേതത്തിൽ വര്ഷം മുഴുവനും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. എങ്കിലും ശീതകാലമാണ് ഇവിടെ സന്ദർശനത്തിന് ഏറ്റവും നല്ലത്. നദിയിൽ ജലലഭ്യതയുള്ളതും എന്നാൽ മഴ കുറവുള്ളതുമാണ് ശീതകാലത്തെ അനുകൂലമാക്കുന്ന ഘടകങ്ങൾ. മഴക്കാല യാത്രകൾ തികച്ചും സാഹസിക പ്രിയർക്ക് മാത്രം യോജിക്കുന്നതാണ്. സങ്കേത്തിലേക്ക് റോഡുമാർഗം മൂന്നാറിൽനിന്നു 60 കിലോമീറ്റർ യാത്രചെയ്താൽ മതിയാകും. ദേശീയപാത 17 ൽ മൂന്നാറിൽനിന്നു 2 മണിക്കൂർ യാത്ര ചെയ്താൽ ചിന്നാറിലെത്താം. വനത്തിൽ ഡോര്മിറ്ററി സൗകര്യവും ഏറുമാട താമസസൗകര്യവും ലഭ്യമാണ്.

ചിന്നാർ വന്യജീവി സങ്കേതം വന്യ പ്രകൃതിയിലേക്ക് മടങ്ങുവാനും കന്യാവനങ്ങളുടെ ശാന്തിയിൽ വിശ്രമിക്കുവാനും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. ആ വന്യതയ്ക്കു നടുവിൽ ശാന്തമായുറങ്ങി മഞ്ഞ ബുൾബുൾ പക്ഷികളുടെ ചിലമ്പൽ കേട്ടുണരുക, കാട്ടുപോത്തുകളും ആനക്കൂട്ടങ്ങളും കണ്മുന്പിലൂടെ നീങ്ങുന്നത് കൺനിറയെ കാണുക, നഗരജീവിതത്തിന്റെ പിരിമുറുക്കത്തിൽനിന്നു സൃഷ്ടിക്കപ്പെടുന്ന ആന്തരിക മുറിവുകളും ചതവുകളും ഉണക്കുവാനും പുനർ യൗവനം ആർജിക്കുന്നതിനും അത്ത്യുതമമായ ഔഷധിയാണ്.

 

 

Location Map View

 


Share

 

 

Nearby Attractions

തൂവാനം വെള്ളച്ചാട്ടം


ഏകദേശം 2 .5 മണിക്കൂർ നടക്കാൻ ഉണ്ട്. ആദിവാസി സമൂഹത്തിൽ പെട്ട ഗാർഡ് നമ്മുടെ കെയർ ടേക്കർ ആയി ഒപ്പം ഉണ്ടാകും.

Checkout these

കീഴാർകുത്തു വെള്ളച്ചാട്ടം


പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു സാഹസിക യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കി ജില്ലയിലെ കീഴാര്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് പോകാം.

മട്ടാഞ്ചേരി


ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്

ജൂത തെരുവ്


പഴയ സാധനങ്ങളുടെ ഒരു പറുദീസ ആണ് ജൂതത്തെരുവ്.

പുന്നമടക്കായൽ


ജീവിതത്തിൽ ഒരിക്കെലെങ്കിലും ആലപ്പുഴ കായലിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.

ഞണ്ടിറുക്കി വെള്ളച്ചാട്ടം


കുളിക്കാനും ഉള്ള സൗകര്യം ഉണ്ട്. പക്ഷെ സൂക്ഷിക്കണം. വഴുവഴുക്കുള്ള പാറകൾ ആണ്.

;