മലമ്പ്രദേശമായ മാങ്കുളം പഞ്ചായത്തിൽ നിരവധി കുന്നുകളും, മലകളുമുണ്ട്. പള്ളികുന്ന്, 96 കുന്ന്, മുനിപാറകുന്ന്, പാർവ്വതിമല, കിളിക്കല്ല് മല, വിരിഞ്ഞപാറ മല എന്നിവ ഇവിടുത്തെ പ്രധാന കുന്നുകളും മലകളുമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ആനക്കുളം ഓര്, പെരുമ്പൻകുത്ത്, നക്ഷത്രകുത്ത്, ചിന്നാർ കുത്ത്, കിളിക്കല്ല് കുത്ത്, വിരിഞ്ഞ പാറ മുനിയറ, കള്ളക്കുട്ടികുടി കുത്ത്, കോഴിവാലൻ കുത്ത്, വെല്ലിപാറകുട്ടി, വിരിപാറ തേയിലതോട്ടം എന്നിവ ഈ പഞ്ചായത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്.
നെടുമ്പാശ്ശേരി-കൊടൈക്കനാൽ സംസ്ഥാന പാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപർവ്വതനിരകൾക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ചരിത്രപുരാവസ്തു ഗവേഷകർ 3000 കൊല്ലങ്ങൾക്ക് മേൽ പ്രായം കണക്കാക്കിയിട്ടുള്ള പ്രപിതാ മഹാന്മാർ വരച്ച എഴുത്തളകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവൻമാരുടെ പുണ്യപാദധൂളികളാൽ അനുഗൃഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാർ വിശ്വസിക്കുന്നു.
മാങ്കുളത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയിട്ട് ഏറെ നാളുകളൊന്നും ആയിട്ടില്ല. വേണ്ടത്ര വാഹന സൗകര്യമോ മററ് അടിസ്ഥാന വികസനങ്ങളോ എത്തിപ്പെടാതെ കിടക്കുന്ന മാങ്കുളം അക്ഷരാർത്ഥത്തിൽ വനത്തിനുളളിലെ പറുദീസ തന്നെയാണ്. മലകളാൽ ചുറ്റപ്പെട്ട് പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് കാട്ടരുവികളാലും പുഴകളാലും വെളളച്ചാട്ടങ്ങളാലും സമൃദ്ധമായി തണുത്ത കാറ്റിന്റെ സ്പർശനത്താൽ കുളിരണിഞ്ഞ് നിൽക്കുന്ന മാങ്കുളം മൂന്നാറിനോട് ചേർന്നു കിടക്കുന്ന, അറിയപ്പെടേണ്ടുന്ന എന്നാൽ അറിയാൻ ബാക്കി വച്ച പ്രകൃതി സൗന്ദര്യത്തിന്റെ ഒരു തുരുത്താണ്.
മൂന്നാറിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണെങ്കിലും ആഡംബരത്തിന്റെ വലിയ റിസോർട്ടുകളോ മുന്തിയ ഹോട്ടലുകളോ വാഹനങ്ങളുടെ തിരക്കോ ഒന്നും ഈ ഗ്രാമത്തിൽ കാണാൻ കഴിയില്ല. പകരം എവിടേക്ക് നോക്കിയാലും മാനം മുട്ട ഉയർന്നു നിൽക്കുന്ന മലകളും മലകൾക്കപ്പുറം മാനത്തെ തഴുകുന്ന മേഘ പാളികളും മാത്രം. താമസ സൗകര്യത്തിനായി വിരലിലെണ്ണാവുന്ന ഏതാനും ചില ലോഡ്ജുകളെ ആശ്രയിക്കുക എന്നതാണ് മാങ്കുളത്തെത്തിയാൽ ചെയ്യേണ്ട ആദ്യ ജോലി. ദീർഘ നേരത്തെ യാത്രാക്ഷീണം ഒഴിവാക്കാൻ ഗ്രാമത്തിലെ തണുത്ത വായു മാത്രം ശ്വസിച്ചാൽ മതിയാവും. 123 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുളള ഗ്രാമത്തിൽ 12000 ജനസംഖ്യ മാത്രമാണുള്ളത്.
ചരിത്രം പരിശോധിച്ചാൽ പൂഞ്ഞാർ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശമെന്നു മനസ്സിലാക്കാം. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഢത്വം വിളിച്ചോതുന്ന അവശേഷിപ്പുകൾ ഇന്ന് മാങ്കുളത്ത് ബാക്കിയായിട്ടുണ്ട്. ജനവാസ മേഖലകളെക്കാളും വനപ്രദേശമാണ് ഗ്രാമത്തിൽ അധികമായുളളത് എന്നതാണ് മാങ്കുളത്തിന്റെ വലിയ സവിശേഷതകളിൽ ഒന്ന്.
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്